MG Marg: An Indian-European Street in Gangtok
ഗാങ്ങ്ടോക്കിലെ പ്രശസ്തമായ എംജി മാർഗ്ഗിലെ ഒരു സായം സന്ധ്യ.ഗാങ്ങ്ടോക്ക് സിറ്റിയിലെ ഏറ്റവും പ്രാധാന്യമേറിയ പാതയാണിത്. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ സമയം ചെലവഴിക്കാന്‍ എത്തിച്ചേരുന്ന സ്ഥലം.ഗാങ്ങ്ടോക്കില്‍ എത്തുന്ന ഒരു സഞ്ചാരിയും തങ്ങളുടെ വൈകുന്നേരം ഇവിടെ ചെലവഴിക്കാതെ പോകാൻ സാധ്യതയില്ല , അത്രയധികം സൗന്ദര്യാത്മകമായ, ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.

എംജി മാർഗ്ഗ് പേരിൽ ഒരു പാതയാണെങ്കിലും ഗാങ്ങ്ടോക്കിലെ ഒരു പ്രധാന ഷോപ്പിംഗ് സെന്റെര് ആണ് ഇവിടം. ഒരു യൂറോപ്യൻ നഗരത്തിലെ തെരുവോരത്ത് വൈകുന്നേരം ചെലവഴിക്കുന്നതു പോലെ തോന്നും ഇവിടെ എത്തിച്ചേര്‍ന്നാല്‍. വാഹനങ്ങൾക്ക് ഇവിടെ വിലക്കാണ് വാഹനങ്ങൾക്കായി സമാന്തരമായി മറ്റൊരു പാതയാണ് ഉള്ളത്. Smoke free, begging free കൂടി ആണ് എംജി മാർഗ്ഗ് പക്ഷേ നമ്മുടെ നാട്ടിലേതു പോലെ ഓരോ 20 മീറ്റർ ചുറ്റളവിലും സൈൻ ബോർഡുകൾ മാത്രം കാണുന്നില്ല . പാതയുടെ തുടക്കം ഭാഗത്ത് കാണുന്ന ഈ ഒരു സൈൻ ബോര്‍ഡ് ഒഴിച്ചുനിർത്തിയാൽ ‘ Welcome MG Marg ,Spit Free and Litter Free Zone’ ചപ്പുചവറുകൾ പോയിട്ട് പൊടിപോലും ഈ വഴിയോരത്ത് കാണാനില്ല.അത്രയ്ക്കും ക്ലീൻ ആണ് തെരുവും പാതയും.

ധാരാളം റസ്റ്റോറന്റുകൾ , ബാറുകൾ മുതലായവ വഴിയോരത്ത് എവിടെയുമുണ്ട് ആളുകൾ ഒരുമിച്ചിരുന്നു സൊറ പറയുന്നു , ചിലരുടെ ടേബിളിൽ കോഫി കപ്പ് ആണങ്കില്‍ മറ്റു ചിലരുടെ മുൻപിൽ ബിയർ, വൈൻ ക്ലാസുകള്‍ ആണ്.ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്നു അങ്ങനെ ആളുകൾ സൗഹൃദവും തമാശയും പങ്കിട്ട് സമയം ചെലവഴിക്കുന്നു. അതിനിടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു തിരക്കിട്ടു പോകുന്ന ധാരാളം ആളുകളെയും കാണാം .ധാരാളം ഷോപ്പിംഗ്സെന്റെറുകള് പാതയോരത്ത് എവിടെയും ഉണ്ട് സോവനീർ – ഗിഫ്റ്റ് ഷോപ്പുകളും , ലെതർ ഉൽപന്നങ്ങൾ വിൽക്കപ്പെടുന്ന കടകൾ , തുണിത്തരങ്ങളുടെ വിപണി , ഇലക്ട്രോണിക് ഐറ്റംസ് ലഭ്യമാകുന്ന കടകൾ അങ്ങനെ പോകുന്നു എംജി മാർഗ്ഗിലെ വിപണി.
എവിടെയും തിരക്കാണ് വൈകുന്നേരം 4 മണിമുതൽ രാത്രി 10 വരെ വളരെ സജീവമാണ് എംജി മാർഗ്ഗ് ഇത്രയധികം ആളുകളുടെ ബാഹുല്യം ഉണ്ടെങ്കിലും ഒരിടത്തും അനാവശ്യമായ ശബ്ദകോലാഹലങ്ങളോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തികളോ ഇല്ല. എല്ലാവരും അവരവരുടെ ലോകത്തിൽ വ്യാപൃതരായി വളരെ അച്ചടക്കത്തോടെ തങ്ങളുടെ സമയം ചെലവഴിക്കുന്നു.ഗാങ്ങ്ടോക്കിലെ മിക്കവാറും എല്ലാ കൾച്ചറൽ , ഫുഡ് ഫെസ്റ്റുവലുകളും ഇവിടെ വച്ചാണ് നടത്തപ്പെടുന്നത് . ജനുവരിയിലെ ന്യൂ ഇയർ വൈകുന്നേരം ഇവിടെ സ്വർഗ്ഗ തുല്യമാണ് എന്നാണ് ഒരു വ്യാപാരി അഭിപ്രായപ്പെട്ടത്.

കാമുകി -കാമുകന്മാരും, യുവാക്കളും- യുവതികളും,കുട്ടികളും – വീട്ടമ്മമാരും , സീനിയർ സിറ്റിസൺസും എല്ലാം പലയിടങ്ങളിലായി പലരൂപത്തിൽ അവരുടെ സന്തോഷകരമായ സമയം ഉപയോഗിക്കുന്നു . എംജി മാർഗ്ഗിന്റെ പാതയോരത്തെ എല്ലാ കെട്ടിടങ്ങളുടെയും മുൻവശം പച്ച പെയിന്റാണ് പൂശിയിരിക്കുന്നത് അതോടൊപ്പം നല്ല തണൽ മരങ്ങളും വൃത്തിയുള്ള മികച്ച ടൈൽ പാകിയ റോഡും ,വളരെ മികച്ച രീതിയിൽ ഫാഷനബിളായി വസ്ത്രധാരണം നടത്തിയ ആളുകളും എല്ലാം ഈ തെരുവിന്റെ ഭാഗമാകുമ്പോൾ തീർച്ചയായും ചിന്തിച്ചു പോകും നാം നിൽക്കുന്നത് യൂറോപ്പിലെ ഏതെങ്കിലും തെരുവോരത്ത് ആണോ എന്ന്.

ഗാങ്ങ്ടോക്കില്‍ എത്തുന്ന ഏതൊരു സഞ്ചാരിയും തീർച്ചയായും തങ്ങളുടെ വൈകുന്നേരം ചിലവഴിക്കാന്‍ എംജി മാർഗ്ഗില്‍ എത്താന്‍ ശ്രദ്ധിക്കേണ്ടതാണ് കാരണം ഏതൊരു നഗരത്തിന്റെയും ഹൃദയ ഭാഗം ഒരു തെരുവ് തന്നെയ്യാണ് ആ തെരുവോരത്തുകൂടി ആരാലും ശ്രദ്ധിക്കപെടാതെ എല്ലാത്തിനെയും വീക്ഷിച്ചുകൊണ്ട് നാം സഞ്ചരിക്കുമ്പോള്‍ ആ പ്രദേശത്തിന്റെ യഥാര്‍ത്ഥ സംസ്കാരവും ജീവിതരീതികളും നമ്മുടെ കണ്മുന്നിലൂടെ കടന്നു പോയി മനസ്സിലേക്ക് നാം അറിയാതെ തന്നെ ആവാഹിക്കപെടും അങ്ങനെ നമ്മള് സഞ്ചാരികളും ആ നഗരത്തിന്റെ ഒരു ഭാഗമായി മാറും.

Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.