Travel & Food (M)

ഹസ്തിനപുരി ഷാപ്പിലെ പുല്ലൻ ഫ്രൈ. Hasthinapuri shap pullan Fry.

Share

നല്ല കപ്പയും പുഴമീനും , ഞണ്ടും , കക്കയും പിന്നെ സ്പെഷ്യൽ പുല്ലൻ വറുത്തതും കൂടെ ഷാപ്പിലെ മറ്റു നാവിൽ വെള്ളം ഊറുന്ന വിഭവങ്ങളും.
ഇതെല്ലാം നല്ല  ഇളം കാറ്റിൽ ഒരു പാടവരമ്പിൽ ഇരുന്നു കഴിക്കുന്നത് ഒന്ന്  ഓർത്തുനോക്കിക്കെ…
ഓർക്കുമ്പോൾ തന്നെ ഏതൊരു ശരാശരി ഭക്ഷണപ്രേമിയുടെയും  വായിൽ വെള്ളം നിറയും അല്ലെ. നമ്മുടെ മനസും  ആമാശയവും ഒരേ പോലെ നിറയ്ക്കുന്ന
വിവിധ രുചികൾ  തേടി അലയുന്ന സഞ്ചാരി സുഹൃത്തുക്കൾക്കായി ഇതാ പരിചയപ്പെടുത്തുന്നു ഹസ്തിനപുരി ഷാപ്പ്.

ഹസ്തിനപുരി ഷാപ്പിന്റെ പുതുപ്പള്ളി തെങ്ങണ റോഡിൽ നിന്നുള്ള വ്യൂ.

അയ്യേ ഈ ഷാപ്പിലൊക്കെ പോയി ഫുഡ് കഴിക്കുക എന്ന് പറഞ്ഞാൽ…

ഈ ഒരു മനോഭാവം ആയിരുന്നു കുറച്ചു കാലങ്ങൾക്കു മുന്നേ മിക്കവാറും ആളുകൾക്ക് പ്രതേകിച്ചു യാത്രകൾ ചെയ്യുന്ന സ്ത്രീകൾക്ക്. പണ്ടുകാലത്തു ഒരു കള്ള് ഷാപ്പ് എന്നാൽ നമ്മുടെ മനസിലേക്ക് വരുന്നത് അടിച്ചു കോൺ തെറ്റി ഉടുത്ത മുണ്ടൊക്കെ തലയിൽ കെട്ടി നിൽക്കുന്ന കുറെ ചേട്ടന്മാരും  , ഡെസ്ക്കിൽ കൈ അടിച്ചു പാട്ടൊക്കെ പാടി നല്ല മൂഡിൽ ഇരിക്കുന്ന ചെറുപ്പക്കാരും,  ഇതിന്റെ എല്ലാം കൂടെ കുറച്ചു കയ്യാങ്കളിയും ഇടയ്ക്കു വല്ലപ്പോഴും ചെറിയ ഒന്നേ രണ്ടോ കത്തിക്കുത്തും. കുറച്ചു നാളുകൾക്കു മുൻപ് വരെ കേരളത്തിലെ ശരാശരി കള്ള് ഷാപ്പുകളുടെയൊക്കെ ഒരു കോലം ഇതായിരുന്നു. അന്നും ഇന്നും രുചികളുടെ കലവറ ആയ കള്ള് ഷാപ്പുകൾ ഭക്ഷണ പ്രേമികളുടെ സ്ഥിരം വേദി ആയിരുന്നു. ഈ കലാപരിപാടികൾ കാരണം മാന്യമാരായ തീറ്റ ഭ്രാന്തൻമാരും-ഭ്രാന്തികളും അങ്ങനെ ഷാപ്പുകളെ ദൂരേന്നു കണ്ടു വെള്ളമിറക്കി.   പക്ഷെ ഇന്ന് കാലം നമ്മുടെ കള്ള് ഷാപ്പുകളുടെ കോലവും അങ്ങ് മാറ്റി. വളരെ മാന്യമായി സ്ത്രീകൾക്കും കുട്ടികൾക്കും വരെ ചെന്നിരുന്നു ഭക്ഷണം കഴിക്കുവാനും എന്ജോയ് ചെയ്യാനുമുള്ള നിലവാരത്തിലേക്ക് കേരളത്തിലെ കള്ള് ഷാപ്പുകൾ വളർന്നു. പ്രെത്യേകമായ ഫാമിലി റൂമും , ടോയ്‌ലറ്റ് സൗകര്യങ്ങളും എല്ലാം ആയി കള്ളുഷാപ്പുകൾ ആൺ പെൺ ഭേദമില്ലാതെ എല്ലാ  ഭക്ഷണപ്രേമികളുടെയും  പ്രിയപ്പെട്ട ഇടം ആയി മാറി.

പാടത്തിൽ നിന്നുള്ള ഹരിതാഭമായ വ്യൂ

ഹസ്തിനപുരി ഷാപ്പോ പേര് കേട്ടിട്ട്  കാസർകോടാണല്ലോ..

കാസർഗോടോന്നും അല്ല ഭായ് ഇത് നമ്മുടെ കോട്ടയത്താന്നെ. കോട്ടയം എന്ന് പറയുമ്പോൾ കൃത്യമായി പറഞ്ഞാൽ പുതുപ്പള്ളിയിൽ.  തെങ്ങണ പുതുപ്പള്ളി റൂട്ടിൽ റോഡ് സൈഡിൽ തന്നെ ആണ്
ഹസ്തിനപുരി ഷാപ്പ്. രണ്ടു വശത്തും നല്ല പാടങ്ങളും , തെങ്ങും, കവുങ്ങും  അങ്ങനെ മൊത്തത്തിൽ ഒരു നാടൻ ഷാപ്പിന്റെ അന്തരീക്ഷം നിറഞ്ഞ  സ്ഥലത്താണ് നമ്മുടെ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഓം ശാന്തി ഓശാനയിലെ പൂജയുടെ ഫാദർ  Dr മാത്യുവിന്റെ വാക്കുകളിൽ പറഞ്ഞാൽ അത്യാവശ്യം ഹരിതാഭ നിറഞ്ഞ ഒരു സ്ഥലം.
ഈ ഗൂഗിൾ മാപ്പൊന്നും എടുക്കാൻ പോകണ്ട പുതുപ്പള്ളിയിൽ എത്തിയിട്ട് കാറിന്റെ ഗ്ലാസ് താഴ്ത്തി നാട്ടുകാരിൽ ആരോടേലും ചോദിച്ചാൽ മതി കൃത്യമായി വഴി പറഞ്ഞു തരും. മുല്ലപ്പന്തൽ ഷാപ്പിന്റെ ആ ഒരു സെറ്റപ്പ് പ്രതീക്ഷിച്ചൊന്നും പോകരുത്, സൗകര്യങ്ങൾ അത്രക്കൊന്നും ഇല്ല പക്ഷെ മോശം അല്ല.  സാധാ നമ്മുടെ നാട്ടിൽ കാണുന്ന ഒരു കള്ള് ഷാപ്പ്. ആസ്ഥാന കുടിയന്മാർക്കായി വിശാലമായ ഹാൾ , മാന്യമാരായ കുടിയന്മാർക്കും, സ്പെഷ്യൽ ഗസ്റ്റിനും പിന്നെ ഫാമിലിക്കും ആയി കുറച്ചു  കോട്ടേജുകൾ ഇവയൊക്കെ അടങ്ങിയതാണ് ഹസ്തിനപുരി ഷാപ്പ്.
ബഞ്ചിന്റെയും ഡെസ്ക്കിന്റെയും നിലവാരത്തിൽ അല്ല കാര്യം പ്ലേറ്റിൽ എത്തുന്ന വിഭവങ്ങൾ ഉണ്ടല്ലോ അത് വേറെ ലെവൽ ആണ്.
നാട്ടിൽ ഇതുപോലെ ഉള്ള ഒരുപാട് ഷാപ്പുകൾ ഉണ്ടല്ലോ പിന്നെ ഇവിടെ എന്നതാ ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ…. ഒരു പ്രത്യേകത ഉണ്ട് I mean  Specialty അതാണ് പുല്ലൻ ഫ്രൈ.

പുറത്തേക്കു നോക്കിയാൽ കാണുന്ന വ്യൂ ഇതാണ്.

എന്ത് പുല്ലാണ് ഈ പുല്ലൻ ഫ്രൈ ?

പുല്ലൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ  മനസിലേക്ക് കുറെ  ഡയലോഗുകൾ വരും അല്ലേ… ഇത് എന്ത് പുല്ലാണ് , പുല്ലു വരണ്ടായിരുന്നു , ഈ പുല്ലന്മാരെ കൊണ്ട് മടുത്തല്ലോ  etc etc   നാട്ടു ഭാഷയിലെ ഒരു സ്ഥിരം  വാക്കാണ് ഇത്. ഹസ്തിനപുരി ഷാപ്പിലെ പുല്ലൻ ഫ്രൈ പക്ഷെ ആ വാക്കിലെ പുല്ലൻ അല്ല.
കോട്ടയത്തിന്റെ സ്വന്തം പുഴയായ പേരിൽ തന്നെ മീൻ ഉള്ള മീനിച്ചിലാറിൽ, ഈ ഒരു ഭാഗത്തു മാത്രം കാണുന്ന പ്രത്യേക തരം മീനാണ് ഈ കക്ഷി. ഇവനെ പിടിച്ചു കറി വെച്ച് കഴിച്ചാൽ കഴിക്കുന്ന ആരും പറഞ്ഞു പോകും എന്ത് പുല്ലു മീനാന്നെ ഇത് എന്ന് കാരണം മുടിഞ്ഞ മുള്ളാണ്. ഒരു രക്ഷേ൦ ഇല്ലാത്ത രുചി ഉള്ള ഈ മീൻ  കറിആക്കി കഴിച്ചാൽ ഇതാണ് കുഴപ്പം. എന്നാൽ പുല്ലൻ മീനിനെ വറുത്തു കഴിഞ്ഞാലോ ഒരു മാജിക്ക് പോലെ  ഒറ്റ മുള്ളു പോലും കാണില്ല ചുമ്മാ കറു മുറെന്നെ നമുക്ക് കഴിക്കാം. ഈ പുല്ലൻ ഫ്രൈയുടെ രുചിയും സ്പെഷ്യൽറ്റിയും പറഞ്ഞു കേട്ടിട്ടാണ് ഞാൻ ഹസ്തിനപുരി ഷാപ്പിൽ എത്തിയത്.

ഇതാണ് നുമ്മ പറഞ്ഞ പുല്ലൻ ഫ്രൈ
പുല്ലൻ ഫ്രൈ പ്ലേറ്റിൽ കേറി വരുന്നത് ഇങ്ങനെ കുറച്ചു മേക്കപ്പ് ഇട്ടാണ്.

വർക്കി ചേട്ടൻ എന്ന കഠിനഹൃദയൻ ആയ കറിവെപ്പുകാരൻ.

ഒരു പ്രത്യേക മസാല കൂട്ടിലാണ് ഹസ്തിനപുരി ഷാപ്പിൽ പുല്ലൻ ഫ്രൈ ഉണ്ടാക്കുന്നത്. ഈ മസാല കൂട്ടിലെ വിനാഗിരിയുടെയും മറ്റു ചേരുവകളുടെയും കൃത്യമായ അളവുകൾ ആണ് ധാരാളം മുള്ളുകൾ ഉള്ള ഈ  മീനിനെ മുള്ളില്ലാതെ ആക്കുന്നതും നല്ല രുചി നൽകുന്നതും. 23 വർഷങ്ങൾ ആയി ഷാപ്പിൽ കറികൾ ഉണ്ടാക്കുന്ന വർക്കി ചേട്ടൻ ആണ് ഈ മസാല കൂട്ടിന്റെ ഉപജ്ഞാതാവ്. കുറച്ചു പുല്ലാണേ മേടിച്ചു കൊണ്ടുപോയി വീട്ടിൽ ചെന്ന് ഉണ്ടാക്കലോ എന്നോർത്തു വർക്കി ചേട്ടനും ആയി നല്ല സൗഹൃദത്തിൽ  ആയിട്ട് സൂത്രത്തിൽ മസാലകൂട്ടിനെ പറ്റി ചോദിച്ചിട്ടും ആശാൻ ഒന്നും അങ്ങ് വിട്ടു പറഞ്ഞില്ല. ( എന്തൊരു കഠിന ഹൃദയമാണല്ലേ )
ഇവിടങ്ങളിൽ തന്നെ  മറ്റു സ്ഥലങ്ങളിൽ ഈ പുല്ലൻ മീനിനെ പിടിച്ചു ഫ്രൈ ആക്കിയാൽ ഈ ഷാപ്പിലെ പോലെ ഇത്ര മുള്ളില്ലാതെ രുചികരമായി ലഭിക്കില്ല എന്നാണ് സ്ഥിരമായി ഇവിടെ നിന്നും പുല്ലൻ ഫ്രൈ കഴിക്കുന്ന ഒരാൾ പറഞ്ഞത്. എന്തായാലും അതിനെ പറ്റി എനിക്കറിയില്ല കാരണം ഞാൻ ഈ മീനിനെ പറ്റി കേൾക്കുന്നതും, കഴിക്കുന്നതും  ഇവിടെ വന്നതിനു ശേഷം ആണ്. മൂന്നാലു പുല്ലൻ ഫ്രൈ ആദ്യം തന്നെ മേടിച്ചു ഞാൻ അകത്താക്കി ശരിയാണ് ഒട്ടും മുള്ളില്ല പിന്നെ  മുടിഞ്ഞ രുചിയും. അത്യാവശ്യം വലിപ്പമുള്ള പുല്ലൻ ഫ്രൈ മുകളിൽ നാരങ്ങാ നീരൊക്കെ പിഴിഞ്ഞ് സൈഡിൽ  സവോളയും , ക്യാരറ്റും വെച്ച് വെച്ച് പിന്നെ കുറച്ചു കുരുമുളക് പൊടിയും  മുകളിൽ ഇട്ടിട്ടാണ് പ്ലേറ്റിൽ കയറി നമ്മുടെ മുന്നിൽ എത്തുക.

നമ്മുടെ വർക്കി ചേട്ടൻ മസിലു പിടിച്ചു പുല്ലാണ് മസാല പുരട്ടുന്നു.

ഹസ്തിനപുരി ഷാപ്പിലെ മറ്റു വിഭവങ്ങൾ.

മറ്റെല്ലാ ഷാപ്പിലും ലഭിക്കുന്ന എല്ലാ വിഭവങ്ങളും നമുക്ക് ഇവിടെ ലഭിക്കും അപ്പം,പുട്ട്‌ ,കപ്പ, പൊറോട്ട , ചോറ് etc  കറികളായിട്ട് ഏതു ഷാപ്പിലും ഉള്ള  പോർക്ക്- ബീഫ് -ചിക്കൻ കൂട്ടുകെട്ടും പിന്നെ സ്പെഷ്യൽ ഷാപ്പുകളിലെ വിഭവങ്ങൾ ആയ
 താറാവ് റോസ്റ്റ് , കക്ക ഇറച്ചി , ഇടിയിറച്ചി , ഞണ്ടു കറി etc etc സ്പെഷ്യൽ മീനായ പുല്ലനൊപ്പം കൂട്ടുകാരായ കരിമീൻ , ചെമ്മീൻ ,കൂന്തൽ ,
വാളകറി , തല കറി പിന്നെ കുറെ കുറെ കറികൾ നമുക്ക് ഈ   ഹസ്തിനപുരി ഷാപ്പിൽ  വന്നാൽ  കഴിക്കാം.  പക്ഷെ പുല്ലൻ ഫ്രൈ തന്നെ ആണ് ഈ ഷാപ്പിലെ ഹൈലൈറ്റ് ഡിഷ്.

തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈ ആണ്.

സ്ഥിരം രുചികളൊക്കെ മടുത്തു തുടങ്ങിയവർക്ക് ഒരു മാറ്റത്തിനും , വ്യത്യസ്ത രുചികൾ തേടി അലയുന്ന എന്നെ പോലെ ഉള്ള തീറ്റ ഭ്രാന്തന്മാർക്കും പറ്റിയ സ്ഥലമാണ് ഹസ്തിനപുരി ഷാപ്പ്, ഇവിടെ വരെ വന്നാൽ നമ്മുടെ വരവ് നഷ്ടമാകില്ല.  നല്ല രുചികരമായ ഭക്ഷണത്തോടൊപ്പം അത്യാവശ്യം കൊള്ളാവുന്ന അന്തരീക്ഷവും ഉണ്ട് ഇവിടെ , നല്ല സൗഹൃദ മനോഭാവം ഉള്ള ജീവനക്കാരും നാട്ടുകാരും ആണ്.  അങ്ങനെ ആകെ മൊത്തം ടോട്ടൽ നോക്കിയാൽ  ഒരു ആംബിയൻസൊക്കെ ഉണ്ട്. നാവിൽ രുചിയും ആവശ്യമെങ്കിൽ സിരകളിൽ അൽപ്പം ലഹരിയും ആയി നിറഞ്ഞ വയറും തടവി ഹസ്തിനപുരി ഷാപ്പിൽ നിന്നും മനസ് നിറഞ്ഞു തിരിച്ചു പോകാം.

ഹസ്തിനപുരി ഷാപ്പും, പുല്ലൻ ഫ്രൈയും മറ്റു വിഭവങ്ങളും എല്ലാം ഉള്ള വീഡിയോ കാണാൻ TravelOnceMore ന്റെ യൂട്യൂബ് ചാനലിലെ ഈ ലിങ്കിൽ ഒന്ന് പോയാൽ മതി.

ഈ ബ്ലോഗ് നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഇതുപോലെയുള്ള നല്ല കിടിലൻ വ്യത്യസ്ത രുചികളും , ഷാപ്പും ഹോട്ടലുകളും പിന്നെ നിരവധി ട്രാവൽ ബ്ലോഗ്‌സും എല്ലാം പരിചയപ്പെടുത്തുന്ന നമ്മുടെ ഈ വെബ്സൈറ്റ് നിങ്ങളുടെ മെയിൽ ഐഡി കൊടുത്തു സബ്സ്ക്രൈബ് ചെയ്യുക. ഈ ഫുഡ് ബ്ലോഗിനെ പറ്റിയുള്ള നിങ്ങളുടെ valuable comments and suggestions പ്രതീക്ഷിക്കുന്നു.Thanks for the time and love.

Pullan Fry Rate as per the size

Average Rate should be 120 Rs

Contact of Hasthinapuri Shap

Aji Mob : 7356816003

Alcohol consumption is injurious to Health

ഇത് ഞണ്ടു കറി.
പോർക്ക് ഫ്രൈ , ചിക്കൻ ,കക്ക ഫ്രൈ , ബീഫ് ഫ്രൈ എല്ലാം ഉണ്ട് കൂട്ടത്തിൽ.
Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?