കേരളത്തിൽ സഞ്ചാരികൾക്കു ഒന്ന് എത്തിനോക്കാൻ പോലും സാധിക്കാത്ത ഒളിഞ്ഞിരിക്കുന്ന, അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഇപ്പോഴും ഉള്ള രണ്ടു ജില്ലകളാണ് വയനാടും, ഇടുക്കിയും.ഇടുക്കിയിൽ സ്ഥിരം സഞ്ചരിക്കുന്ന യാത്രവഴികളായ മൂന്നാറും, തേക്കടിയും ,വാഗമണ്ണും, വട്ടവടയും ഒന്നുമല്ലാത്ത മറ്റൊരു പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണമാണ് തേവാരംമേട് എന്ന തമിഴ് അതിർത്തിയിലുള്ള മലകളുടെ താഴ്വാരത്തിൽ കൊണ്ടെത്തിച്ചത്.തമിഴ് സങ്കര സ്വഭാവക്കാരായ ആളുകളും, ആകാശം മുട്ടെ നിൽക്കുന്ന പച്ചപുതച്ച മലകളും , എപ്പോഴും വീശിയടിക്കുന്ന കനത്ത കാറ്റും, വേനൽകാലത്തിലൊഴിച്ചു രാത്രി സമയങ്ങളിൽ മൈനസിലേക്കു വരെ നീങ്ങുന്ന തണുപ്പും , തൊട്ടു മുന്നിൽ ആന വന്നു നിന്നാൽ പോലും കാണാൻ പറ്റില്ലാത്തത്ര കനത്ത മൂടൽ മഞ്ഞും നിറഞ്ഞ ഒരു അത്ഭുത പ്രദേശം.
മുത്തിശി കഥകളിൽ വായിച്ചിട്ടുള്ള, രാജകുമാരിയെ ഉയരമുള്ള കോട്ടയിൽ പൂട്ടിയിട്ട ഭൂതത്താൻന്റെ സാമ്രാജ്യം പോലെ തോന്നിപ്പിക്കുന്ന ഒരു സ്ഥലം. ഇവിടേയ്ക്ക് വന്നിറങ്ങിയപ്പോൾ എന്തുകൊണ്ട് നേരത്തെ എത്തിച്ചേരാൻ സാധിച്ചില്ല എന്ന ചോദ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.ഇത്ര സുന്ദരമായ, യാത്രികരുടെ കാൽപ്പാടുകൾ അധികം ഇല്ലാത്ത പ്രദേശങ്ങൾ വെറുതെ കണ്ടു പോയാൽ അത് നമ്മളോട് തന്നെ ചെയ്യുന്ന വലിയൊരു അപരാധമാകും. കേരളത്തിലും, തമിഴ്നാട് വനത്തിലുമായി പരന്നു കിടക്കുന്ന തേവാരംമേട്, അണക്കരമേട് വന മേഖലയിൽ, വിവിധ മലനിരകളിൽ പുറം ലോകവും ആയി ബന്ധപ്പെടാതെ അഞ്ചു ദിവസത്തോളം ടെന്റ് ചെയ്ത്, പ്രകൃതിയെയും വനത്തെയും ഉള്ളിലേക്ക് ആവാഹിച്ചിട്ടാണ് ബൈ പറഞ്ഞു ഇറങ്ങിയത്.
നമ്മളിൽ പലരും വീണ്ടും വീണ്ടും മൂന്നാറിലേക്ക് പോകുമ്പോൾ , പശ്ചിമഘട്ട മലനിരകളിലെ ഈ പ്രദേശത്തു വന്നെത്തുന്ന സഞ്ചാരികളിലേറെയും യൂറോപ്പിയൻസ് ആണ്. നിരവധി കാറ്റാടി യന്ത്രങ്ങൾക്കിടയിൽ തലയുർത്തി നിൽക്കുന്ന കൈലാസപാറ പോലെയുള്ള കൊടുമുടികൾ വിദേശ സാഹസിക സഞ്ചാരികൾക്കു വളരെ പ്രിയപ്പെട്ടതാണ്.സ്ഥിരം സഞ്ചാര വഴികൾ മാറ്റി ഓഫ് റോഡ് അനുഭവവും, ക്യാമ്പിങ്ങും, അൽപ്പം സാഹസികത നിറഞ്ഞതുമായ യാത്ര അനുഭവം ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇടുക്കിയിൽ നെടുംകണ്ടത്തിനടുത്തുള്ള തേവാരംമേട് മലനിരകൾ.അഞ്ചു ദിവസത്തെ ടെന്റിങ്ങും, കുക്കിങ്ങും, ട്രെക്കിങ്ങും ,സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും എല്ലാം ആവും വിധം അഞ്ചു വീഡിയോസ് ആക്കി യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്, ലിങ്ക് കമന്റ് ബോക്സിൽ കൊടുക്കാം. കൂടുതൽ കാര്യങ്ങൾ ഈ പ്രദേശത്തെകുറിച്ച് അറിയേണ്ടവർ മെസേജ് ചെയ്താൽ ഉറപ്പായും സഹായിക്കുന്നതായിരിക്കുമെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു, കാരണം ഇങ്ങോട്ടു പുറപ്പെടുന്നവർ ടൂറിസ്റ്റുകൾ ആയിരിക്കില്ലാന്നു നന്നായി അറിയാം അതുകൊണ്ടു കട്ട ട്രാവൽ സപ്പോർട്ട് ഉണ്ടാകും.
തേവാരംമേട് – അണക്കര യാത്ര പുറപ്പെടാൻ ഒരുങ്ങുമ്പോൾ ചില കാര്യങ്ങൾ മനസ്സിൽ വെക്കുക.ലോക്കൽ സപ്പോർട്ട് ഇല്ലാതെ ഇവിടെ എത്തിച്ചേരാൻ സാധിക്കില്ല.വല്ലപ്പോഴും കാറ്റിനൊപ്പം വന്നു പോകുന്ന BSNL Network മാത്രമാണ് പുറം ലോകവും ആയി ബന്ധപ്പെടാൻ ഉള്ള ഏക വഴി.കാട്ടാനയുടെയും, കരടിയുടെയും, പോത്തിന്റെയും ,കാട്ടുപന്നിയുടെയും മറ്റു ചില വന്യ മൃഗങ്ങളുടെയും ( സിങ്കം ഒഴികെ ) സാന്നിധ്യം എപ്പോഴും ഉള്ള വനം ആണിത്.തമിഴ് – കേരള ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ പെട്രോളിംഗ് മിക്കപ്പോഴും ഉണ്ട് അതുകൊണ്ടു തന്നെ ജണ്ടയുടെ അപ്പുറത്തേക്കുള്ള ക്യാമ്പിംഗ് പണി കിട്ടാൻ സാധ്യത ഉണ്ട്.First -Aid Kit കയ്യിൽ കരുതുവാനും മറക്കരുത്.ഇപ്പോൾ നിലവിൽ പ്ലാസ്റ്റിക് മാലിന്യം ഈ വനമേഖല കണ്ടിട്ട് പോലും ഇല്ല അതുകൊണ്ടു ബാക്കി പറയണ്ടല്ലോ.
Hi, my website uses cookies to boost your experience.
Why?