Chakkipara Hill view
ചുറ്റിലും കോടമഞ്ഞു മൂടിനിൽക്കുന്ന ഹിൽ ടോപ്പുകൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പക്ഷെ ഇത്തരം മലമുകളിൽ എത്തിച്ചേരാൻ കുറെയധികം ദൂരം സഞ്ചരിക്കുകയും ട്രെക്ക് ചെയ്യേണ്ടാതായുമൊക്കെ വരും. അതുകൊണ്ടുതന്നെ പ്രായം ചെന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആ പ്രകൃതി സൗന്ദര്യം ഫോട്ടോകളിലും വീഡിയോകളിലും മാത്രമേ ആസ്വദിക്കാൻ കഴിയാറുള്ളു.
‘പൈനാപ്പിൾ സിറ്റി’ എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ വാഴക്കുളത്തുള്ള കിടിലൻ വ്യൂ പോയിന്റ് ആയ ചക്കിപ്പാറ പക്ഷെ അങ്ങനെ അല്ല. വളരെ കുറച്ചു ദൂരം മാത്രം ട്രെക്ക് ചെയ്തു മലമുകളിൽ എത്തിയാൽ കോടമഞ്ഞാൽ മൂടി നിൽക്കുന്ന മലയുടെയും, കോട മാറിക്കഴിയുമ്പോൾ കാണാൻ സാധിക്കുന്ന വിശാലമായ പരന്ന പ്രകൃതി ദൃശ്യവും നമുക്ക് ഇവിടെ നിന്നും ആസ്വദിക്കാം.
ഒരു മഴകഴിഞ്ഞുള്ള പിറ്റേദിവസത്തെ പ്രഭാതത്തിൽ എത്തിയാൽ നമ്മെ വരവേൽക്കുന്നത് കനത്ത കോടമഞ്ഞായിരിക്കും. അധികം ആളുകൾ എത്താത്ത ഈ ഹിൽടോപ്പിൽ നിന്നും താഴേക്ക് നോക്കിയാൽ വാഴക്കുളം ടൗണും പ്രദേശങ്ങളും കാണാം. വിശാലമായ പാറയിൽ എത്രപേർക്ക് വേണമെങ്കിലും പ്രകൃതി ഭംഗി ആസ്വദിക്കാൻ സ്ഥലം ഉണ്ട്. പക്ഷെ കുത്തനെ ഉള്ള താഴ്ച വളരെ അധികം അപകട സാധ്യത ഉള്ളതാണെന്ന് മാത്രം. സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ ഇല്ല.
ഈ ഒരു കോവിഡ് കാലം നമ്മെ നാട്ടിൻ പ്രദേശത്തു തന്നെ ഉള്ള ഒരിക്കൽ നമ്മൾ പോയതോ, അല്ലെങ്കിൽ പോകാൻ ആഗ്രഹിച്ചതോ ആയ പ്രദേശങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ചക്കിപാറ അത്തരത്തിൽ ഒളിഞ്ഞു കിടക്കുന്ന ഒരു പ്രകൃതി സൗന്ദര്യമാണ്. എറണാകുളം , ഇടുക്കി , കോട്ടയം ജില്ലകളിൽ ഉള്ള പുതിയ സ്ഥലങ്ങൾ അന്വേഷിക്കുന്ന സഞ്ചാരികൾക്കു മികച്ചൊരു അനുഭവം ഇവിടെ നിന്നും ലഭിക്കും. വാഴക്കുളം ടൗണിൽ നിന്നും വെറും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ചക്കിപാറയിൽ എത്തിച്ചേരാം. കാർമൽ പബ്ലിക് സ്കൂളിന്റെ അടുത്തുകൂടി ഉള്ള വഴിയേ ഇവിടെ എത്തിച്ചേരാം. ഗൂഗിൾ മാപ്പിന്റെ സഹായം തേടിയാൽ ഒരു പക്ഷെ വഴിതെറ്റാന് സാധ്യത ഉണ്ട്. നാട്ടുകാരിൽ ആരുടെയേലും സഹായം തേടുന്നത് ആയിരിക്കും ഉത്തമം.
ധാരാളം വീടുകൾ നിറഞ്ഞ ഒരു തികഞ്ഞ ജനവാസ മേഖലയിലൂടെ ചക്കിപാറയുടെ അടിവശത്തു എത്തിയാൽ പിന്നെ വിജനമായ പ്രദേശമാകും. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിലൂടെ വേണം പാറയുടെ മുകളിൽ എത്തിച്ചേരുവാൻ.
ബൈക്കിൽ വരുന്ന സഞ്ചാരികൾക്ക് ഇരുവശത്തും നിറഞ്ഞു പൊങ്ങി നിൽക്കുന്ന പച്ചപുല്ലിനിടയിലെ കല്ലും മണ്ണും നിറഞ്ഞ മൺപാതയിലൂടെ ഒരു കിടിലൻ ഓഫ് റോഡ് റൈഡും ബോണസായി കിട്ടും.
വാഴക്കുളം പള്ളിയിൽ നിന്നും എല്ലാ വർഷവും ദുഃഖ വെള്ളിയാഴചയുള്ള തീർത്ഥയാത്ര ചക്കിപ്പറയിലേക്കു ഉണ്ട്. പാറയുടെ ഒത്തനടുക്ക് ഒരു കുരിശും നിർമ്മിച്ചിട്ടുണ്ട്. ആംഗിളിൽ ഉള്ള കിടിലൻ ഒരു വ്യൂ ആണ് മുകളിൽ ചെന്നാൽ നമ്മെ കാത്തിരിക്കുന്നത്. പാറയുടെ വശങ്ങളിലുള്ള ചെറു മരങ്ങൾ നീലാകാശിനു കീഴിൽ നിന്നും കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.
വൈകുന്നേരങ്ങളിലെ സൂര്യാസ്തമയം കാണാൻ ആണ് കൂടുതലും സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നത്. പക്ഷെ രാവിലത്തെ മഞ്ഞിൽ മൂടി നിൽക്കുന്ന ചക്കിപാറയും , ഇടയ്ക്കു കാറ്റു മായ്ക്കുന്ന കോടമഞ്ഞിന്റെ ഇടയിലൂടെ ഉള്ള ഉണർന്നു വരുന്ന നാട്ടിൻ പ്രദേശത്തിന്റെ ഭംഗിയും , അരിച്ചിറങ്ങി വരുന്ന പ്രഭാത സൂര്യ രശ്മികളും രാവിലെ ഇവിടെ എത്തുന്നതാണ് നല്ലത് എന്ന് പറയിപ്പിക്കും.
സഞ്ചാരികൾക്കായി യാതൊരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല , അതോടൊപ്പം സുരക്ഷാഭീഷണിയും ഉണ്ട്. രാത്രിയിലെ ക്യാമ്പിങ്ങും അത്ര സുരക്ഷിതമായിരിക്കും എന്ന് തോന്നുന്നില്ല.
ഒരു ഹിൽടോപ്പിന്റെ സൗന്ദര്യത്തെക്കുറിച്ചു കൂടുതൽ എന്താ പറയാനുള്ളത് അത് പോയി ആസ്വദിക്കുക എന്നത് തന്നെ.എറണാകുളം മേഖലയിലുള്ള ആളുകൾക്ക് വൺ ഡേ ട്രിപ്പിനായി യാത്ര ചെയ്യാൻ പറ്റുന്ന ഒരു ഹിൽ ടോപ് ആണ് ചക്കിപാറ. പരന്ന പ്രകൃതിദൃശ്യങ്ങളും, കോടമഞ്ഞാൽ മൂടപ്പെട്ട മലനിരയും, രാവിലത്തെ ചെറു ട്രെക്കിങ്ങും, ഓഫ് റോഡ് റൈഡും എല്ലാം ഇഷ്ട്ടപെടുന്ന യാത്രികരുടെ മനം നിറക്കുന്ന കാഴ്ചകൾ ആയിരിക്കും ചക്കിപാറയിൽ നിന്നും ലഭിക്കുക.
Hi, my website uses cookies to boost your experience.
Why?