അവസാന ജനവാസ മേഖലയിൽ നിന്നും 6 കിലോമീറ്റർ ആനയും മറ്റു കാട്ടുമൃഗങ്ങളും , രക്ത കൊതിയന്മാരായ പതിനായിരക്കണക്കിന് പുഴുക്കളും
നിറഞ്ഞ ഉൾകാട്ടിലേക്കു ട്രെക്ക് ചെയ്തു കയറി ചെല്ലുമ്പോൾ ഭീമാകാരമായ പാറക്കൂട്ടങ്ങൾ….
അതിനിടയിലെ ഇരുട്ട് നിറഞ്ഞ ചെറിയ ഗുഹാമുഖത്തിലൂടെ നൂണ്ടു നുഴഞ്ഞു കയറുമ്പോൾ വിശാലമായ വലിയ ഗുഹ. ഒരു കിലോമീറ്ററോളം ചുറ്റളവിൽ പരന്നു കിടക്കുന്ന ഗുഹയിൽ പല ഭാഗത്തേക്കായി വഴികൾ….
ചിലയിടത്തു സൂര്യപ്രകാശം അരിച്ചിറങ്ങുന്നു , പുറത്തെ മഴ അങ്ങിങ്ങായി ഉതിർന്നു വീഴുന്ന മഴത്തുള്ളികളിലൂടെ മനസിലാക്കാം ഗുഹയുടെ ഉള്ളിൽ കനത്ത നിശബ്ദത മാത്രം.
ഇത് അങ്ങ് തായ്‌ലൻഡിലെയോ , കമ്പോഡിയയിലെയോ വലിയ ഗുഹകളിൽ കയറിയ അനുഭവം അല്ല.
നമ്മുടെ നാട്ടിൽ അൽപ്പം സാഹസികത ഇഷ്ട്ടപെടുന്നവർക്കായുള്ള ഒരു തകർപ്പൻ സ്ഥലം
‘ കട്ടിലും കസേരയും ‘ ഓർക്കുക ഇങ്ങോട്ടുള്ള യാത്ര സാഹസികർക്കു മാത്രം.
ഇടുക്കി ജില്ലയിൽ വണ്ണപ്പുറത്തു നിന്നും ഇടുക്കി പോകുന്ന വഴിയിൽ ഉള്ള ഒരു കൊച്ചു ഗ്രാമം ആയ വെണ്മണി എന്ന സ്ഥലത്താണ് കട്ടിലും കസേരയും എന്ന കാട്ടിലെ ഈ വൻ ഗുഹ സ്ഥിതി ചെയ്യുന്നത്. സ്ഥിരമായ സഞ്ചാര വഴികൾ മടുത്തു തുടങ്ങിയ സാഹസിക സഞ്ചാരികൾക്കു ഒരു തകർപ്പൻ ട്രെക്കിങ്ങും ഒപ്പം നാളിതുവരെ ലഭിക്കാത്ത ഒരു ഗുഹാ അനുഭവവും ഇവിടുന്നു ലഭിക്കും. ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ അനുമതിയോടു കൂടി പരിചയ സമ്പന്നൻമാരായ ഗൈഡ്നോടൊപ്പം മാത്രം ഇവിടേയ്ക്ക് വരുക. ആനയുൾപ്പടെ നിരവധി കാട്ടുമൃഗങ്ങൾ ഉള്ള ഈ കാട്ടിൽ വഴി തെറ്റാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെ. Forest Department ന്റെ അനുവാദം കൂടാതെ ഈ വനത്തിൽ കയറി ദിവസങ്ങളോളം വഴി തെറ്റുകയും അപകടത്തിൽ പെടുകയും ചെയ്ത അനുഭവം പല സാഹസിക സഞ്ചാരികൾക്കും ഉണ്ടായിട്ടുണ്ട്.
ഇടുക്കിയിലെ ചില സഞ്ചാരി സുഹൃത്തുക്കൾ അത്ഭുതത്തോടു കൂടി പറഞ്ഞിരുന്ന ഈ ഗുഹയുടെ കഥകളും , സാഹസികത നിറഞ്ഞ അവരുടെ യാത്ര അനുഭവങ്ങളും, വളരെ ചുരുക്കും ആളുകൾ മാത്രമേ ഇവിടെ എത്തിയിട്ടുള്ളു തുടങ്ങിയ പല കേട്ടുകേൾവികൾ കൊണ്ട് കട്ടിലും കസേരയും എന്ന അത്ഭുത ഗുഹ എന്റെ മനസ്സിൽ കയറി പിടിച്ചു. അങ്ങനെ മാസങ്ങൾക്കു മുൻപ് അങ്ങോട്ടേക്കുള്ള ആദ്യ ശ്രമം നടത്തി. പ്രദേശവാസിയായ ഒരാളുടെ സഹായത്തോടെ കാട്ടിലേക്ക് കയറി തുടങ്ങിയ ഞങ്ങളുടെ സാഹസിക യാത്ര സംഘത്തിന് ഒരുപാട് ഒന്നും മുൻപോട്ടു പോകേണ്ടി വന്നില്ല. പോകുന്ന വഴിയിൽ ചിലപ്പോൾ ആനയുടെ ശല്യമുണ്ടാകും എന്ന് ഗൈഡ് ചേട്ടൻ പറഞ്ഞിരുന്നു , പൊതുവെ ഈ പ്രദേശങ്ങളിലെ ആനകൾ ആളുകളെ പട്ടി ഓടിക്കും പോലെ ഓടിച്ചിട്ട് ഉപദ്രവിക്കും അത് കൊണ്ട് സൂക്ഷിക്കണം, തന്റെ ഒപ്പം തന്നെ നിൽക്കണം എന്നാണ് കക്ഷിയുടെ ഓർഡർ. ആന കുത്തിയോ ചവട്ടിയോ കാലപുരിക്ക് അയക്കുമോ ഇല്ലയോ എന്നുള്ളത് മാത്രമല്ല പ്രശ്‌നം. ആന വന്നു ഓടിച്ചിട്ടുണ്ടേൽ കൂട്ടം വിട്ടു ചിതറി ഓടിയാൽ വനത്തിൽ വഴി തെറ്റും അങ്ങനെ സംഭവിച്ചാൽ വനത്തിൽ നിന്നും പുറത്തേക്കു എത്തണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമത്രേ.
ഗൈഡ് ചേട്ടന്റെ ആന കഥ ഞാനും എന്റെ കൂടെ ഉള്ള സുഹൃത്തും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചു തള്ളി. ഇതൊക്കെ കുറെ കേട്ടതാ പല കാട്ടിൽ കൂടെ ഒരു പാട് തവണ സഞ്ചരിച്ചിട്ടും ഒരു 50 മീറ്ററിന് അകലെ അല്ലാതെ ഈ ആന ചേട്ടമ്മാരെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നോർത്തു സമാധാനിച്ചു. പക്ഷെ കാട്ടിൽ കൂട്ടം തെറ്റിയാൽ വഴി തെറ്റും എന്ന ഗൈഡ് ചേട്ടന്റെ അഭിപ്രായം ഞാൻ ഇടം – വലം നോക്കാതെ ശരി വെച്ചു. 360 Degree ൽ ഒന്ന് കറങ്ങി നോക്കിയാൽ തന്നെ മനസിലാകും കാട് മൊത്തം ഫോറെസ്റ്റാ… എല്ലായിടവും ഒരുപോലെ തന്നെ പ്രത്യേകിച്ചു വഴികൾ ഒന്നും ഇല്ല. അതുകൊണ്ടു ഗൈഡ് ചേട്ടനെ കുല ദൈവമായി കണ്ടു പുറകെ നടന്നു.
മുന്നിൽ നോക്കുമ്പോൾ കാടിന് ചെറിയൊരു അനക്കം. ഒരുത്തൻ വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്നും പതുക്കെ മുന്നോട്ടു വരുന്നു. പുറകെ ഒരെണ്ണത്തിനെ കൂടെ കണ്ടു അതിന്റെ പുറകിലെ ലൈനിൽ ഇനിയും ആരെങ്കിലും ഉണ്ടോ എന്ന് എത്തി നോക്കാൻ നിന്നില്ല, അപ്പോളേക്കും ആ നിലവിളി ശബ്ദം കേട്ടിരുന്നു. ആന വന്നാൽ ഒന്ന് കൊണ്ടും പേടിക്കേണ്ട എന്റെ ഒപ്പം നിന്നാൽ മതി എന്ന് കുറച്ചു മുൻപേ പറഞ്ഞ കുലദൈവം ഓടിക്കോ എന്ന് പറഞ്ഞു ഓടുന്നതാ കാണുന്നത് , പിന്നെ ഒന്നും നോക്കിയില്ല ഒരു തരത്തിൽ ഓടി അങ്ങേരോടൊപ്പം കാട്ടീന്നു പുറത്തെത്തി. അങ്ങനെ അന്നത്തെ കട്ടിലും കസേരയും സാഹസിക സഞ്ചാരം ചീറ്റി പോയി.
ഫോറെസ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുവാദത്തോടെ ഇറങ്ങിയ രണ്ടാം ശ്രമത്തിൽ ഈ കാടിനെ നന്നായി അറിയുന്ന തങ്കച്ചൻ ചേട്ടൻ ആയിരുന്നു വഴികാട്ടി. മുൻ അനുഭവത്തിലെ ഗൈഡ് ചേട്ടന്റെ ‘ഒന്നും പേടിക്കേണ്ട’ , ‘എന്റെ കൂടെ നിന്നാൽ മതി ‘, ‘ഓടിക്കോ’ തുടങ്ങിയ…. ഡയലോഗുകൾ ഇദ്ദേഹത്തെ കണ്ടപ്പോൾ ഓർമ്മ വന്നു പക്ഷെ കുറച്ചു മുന്നോട്ടു കൂടെ നടന്നപ്പോൾ തന്നെ മനസിലായി തങ്കച്ചൻ ചേട്ടൻ അസാമാന്യ ധൈര്യശാലിയും കാടിനെ നന്നായി അറിഞ്ഞ ആളും ആണ്. തികഞ്ഞ ധൈര്യത്തോടെ കാട്ടിൽ തല ഉയർത്തി നടക്കുന്ന തങ്കച്ചൻ ചേട്ടന്റെ കണ്ടപ്പോൾ എനിക്ക് ഹിറ്റ്ലർ മാധവൻ കുട്ടിയെ ഓർമ്മ വന്നു, അതുകൊണ്ടു ഇനി മുതൽ വെറും തങ്കച്ചൻ ചേട്ടൻ അല്ല ഹിറ്റ്‌ലർ തങ്കച്ചൻ ചേട്ടൻ ആണ്.
അങ്ങനെ ഹിറ്റലർ തങ്കച്ചൻ ചേട്ടന്റെ ഒപ്പം ഇത്തവണ കട്ടിലും കസേരയും കാണാൻ സാധിക്കും എന്നുള്ള ഒരു തോന്നലും ആത്മവിശ്വാസവും എനിക്ക് ഉണ്ടായി.
വണ്ണപ്പുറവും, വെണ്മണിയുമൊക്കെ അറിയാവുന്ന ആളുകൾക്ക് തോന്നും അവിടെ ഈ പറയുന്ന മാതിരി വലിയ വനം ഉണ്ടോ എന്ന് ഞാനും അങ്ങനെ തന്നെ ആണ് കരുതിയത് എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല.
വീടുകൾ ഉള്ള ഏരിയയിൽ നിന്നും മുന്നോട്ടു നടക്കുമ്പോൾ ഒരു ചെറിയ കാട്ടുതോടും, പുൽമേടും, പാറക്കെട്ടുകളും കഴിഞ്ഞു വളരെ പെട്ടന്ന് തന്നെ നമ്മൾ കൊടും വനത്തിലേക്ക് എത്തിച്ചേരും. ഒരു കാട്ടുപോത്തും വന്നു അപ്പുറെ നിന്നാൽ പോലും കാണാൻ സാധിക്കാത്ത വലിപ്പമുള്ള മരങ്ങളും, ചെവി തുളച്ചു കേറുന്ന ചീവീടുകളുടെ നാദസ്വരവും, ഒരു പക്ഷിനിരീക്ഷകനും കേട്ടിട്ടില്ലാത്ത അദൃശ്യങ്ങളിൽ ഇരുന്നു അത്യഅപൂർവ്വ ശബ്‍ദങ്ങൾ ഉണ്ടാക്കുന്ന കിളികളും പിന്നെ രാക്ഷസ പുഴുക്കളും. മാങ്കുളത്തും , മലക്കപ്പാറയിലും , ആറളം ഫാമിലുമൊക്കെ ചോരകുടിയന്മാരായ പുഴുക്കളെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രേം എണ്ണത്തിനെ ഒരുമിച്ചു കാണുന്നത് ഇത് ആദ്യം. ഹിറ്റ്‌ലർ തങ്കച്ചൻ ചേട്ടന്റെ മുന്നിൽ ഈ ഡ്രാക്കുള പുഴുക്കളും വെറും പുഴുവാ… ചേട്ടൻ തന്ന ഏതോ ഒരു മിശ്രിതം കാലിലും ദേഹത്തുമൊക്കെ പുരട്ടിയത് കൊണ്ട് ചോര വറ്റി ചത്തില്ല എന്നാലും ഇഷ്ട്ടം പോലെ കിട്ടി നല്ല കടി.
തങ്കച്ചൻ ചേട്ടന്റെ മാരക അനൗൺസ്‌മെന്റ് കേട്ട് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു ചെറിയ പാറക്കൂട്ടം ആണ് കണ്ടത്. ഇതാണോ ഇത്ര വല്യ സംഭവം ഇത് ഞങ്ങളുടെ ഉറവപ്പാറയുടെ പകുതി പോലും ഇല്ലല്ലോ എന്നോർത്തു പാറയുടെ മുന്നിൽ ചെന്നപ്പോളാണ് കിളി പോയത്. ഒരു ചെറിയ ഷോപ്പിംഗ് മാളിന്റെ മുന്നിലെ വാതിലിന്റെ മുന്നിൽ എത്തിയ പോലെ , പാറകൾ കൊണ്ട് തീർത്ത ഒരു വലിയ കവാടം.
ഇരുട്ട് നിറഞ്ഞ ഗുഹാ കവാടത്തിലൂടെ ഉള്ളിലേക്ക് കൂസലില്ലാതെ നടന്നു പോയ ഹിറ്റ്ലറിനെ കണ്ടു ഞാനും എന്റെ കൂടെ ഉള്ള സഞ്ചാരി സുഹൃത്തും ഒന്ന് പരസ്പരം നോക്കി. ഭയമല്ല ഒരു ചെറിയ പേടി എന്നൊക്കെ പറയാം അത് പുറത്തു കാണിക്കാതെ ഞങ്ങളും തങ്കച്ചൻ ചേട്ടന്റെ പുറകെ ഉള്ളിലേക്ക് കയറി. ഏകദേശം ഒരു 1500 Sq feet വരും സ്വീകരണ മുറി അവിടെനിന്നും മൂന്ന് വശത്തുകൂടി നൂണ്ടു മുകളിലേക്ക് കയറാനുള്ള വഴികൾ. അത്യാവശ്യം വലിപ്പമുള്ള വഴിയിലേക്ക് നോക്കി നിന്ന എന്നെ കണ്ടിട്ട് തങ്കച്ചൻ ചേട്ടൻ പറഞ്ഞു ‘അതിലെ പോകണ്ട അവിടെ ഒരു കരടിയുടെ താവളം ഉണ്ടന്ന്.’ ബോഡിഗാർഡ് തമിഴ് സിനിമയിലെ വടിവേലുവിന്റെ മുഖഭാവത്തോടെ അങ്ങേരെ ഞാൻ ദയനീയമായി നോക്കി. ഇതൊന്നും നേരത്തെ പറഞ്ഞില്ലല്ലോ ചേട്ടാ എന്നുള്ള എന്റെ നോട്ടം മനസിലാക്കിയിട്ടാണന്നു തോന്നുന്നു പേടിക്കേണ്ട എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു ഹിറ്റ്‌ലർ മുകളിലേക്ക് കയറി, കൂടെ ഒരു മനസില്ലാ മനസോടെ ഞങ്ങളും.
തലക്കെട്ടു വായിക്കുമ്പോൾ അതിശയോക്തി ആണന്നൊക്കെ തോന്നും പക്ഷെ എന്റെ യൂട്യൂബ് ചാനലിലെ (TravelOnceMore) വിഡിയോ കണ്ടാൽ ഒരു പരിധി വരെ കാര്യങ്ങൾ മനസിലാകും. മൊബൈൽ ഫ്ലാഷ് ലൈറ്റിൽ ഈ കൊടും ഗുഹയിലെ ഇരുട്ടിൽ ഷൂട്ട് ചെയ്ത ആ വീഡിയോക്കും ഒരുപാട് പരിമിതികൾ ഉണ്ട്. ഒരു കൈയ്യിൽ GoPro യും മറു കയ്യിൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത മൊബൈലും ആയുള്ള പാറക്കെട്ടുകളിലെ ചെറിയ തുരങ്കത്തിലൂടെ ഉള്ള നൂഴ്ന്നു കയറ്റം ശരിക്കും വിഷമിപ്പിച്ചു. ഈ Man vs Wild ലെ Bear Grylls നെയൊക്ക സമ്മതിക്കണം.
ചുറ്റും പാറക്കൂട്ടങ്ങൾ നിറഞ്ഞ തുരങ്കം ആണന്നു പറയുമ്പോൾ തലമുട്ടുമെന്നൊന്നും ഓർത്തു തെറ്റിദ്ധരിക്കരുത്. ബാബു ആന്റണി തല ഉയർത്തി നടന്നാലും പോലും മുകളിൽ പോയി മുട്ടുകയില്ല അത്രക്ക് പൊക്കമുണ്ട് മേൽക്കൂരയ്ക്ക്. പക്ഷെ ചില സ്ഥലങ്ങളിൽ കൂർത്ത പാറകൾ അപ്രതീക്ഷമായി കയറുന്ന വഴിയിൽ ഉണ്ടാകും ഇടിച്ചാൽ തല തകർന്നു തരിപ്പണമാകും. സന്തത സഹചാരി ആയ ട്രെക്കിങ്ങ് ഷൂ മാത്രം ആയി, അത്യാവശ്യം വേണ്ട സുരക്ഷാ ഉപകരണം ആയ ഹെൽമെറ്റ് പോലും എടുക്കാതെ വന്ന അബദ്ധമോർത്തു നിന്ന ഞാൻ കാണുന്നത് വള്ളിച്ചെരുപ്പുമിട്ടു മുകളിൽ പാറപുറത്തിരിക്കുന്ന തങ്കച്ചൻ ചേട്ടനെ ആണ്. എനിക്ക് തെറ്റ് പറ്റി ഇങ്ങേരെ ഹിറ്റ്‌ലർ എന്നല്ല വിളിക്കേണ്ടത് ടാർസൺ എന്നാണ്.
ധാരാളം വിസ്താരമുള്ള ഗുഹയുടെ ഏതെങ്കിലും വശത്തു ഇരുട്ടിൽ ഞങ്ങളെ നോക്കി നിൽക്കുന്ന കരടിയോ, ചെന്നായോ ചിലപ്പോൾ ഉണ്ടാകും. എന്തായാലും ഈ പറഞ്ഞ സഹവാസികളുടെ ഒന്നും ഉപദ്രവം ഉണ്ടായില്ല. നടന്നു കയറുമ്പോൾ ചിലയിടങ്ങളിൽ വലിയ താഴ്ച ഉള്ള ഭാഗങ്ങൾ ഉണ്ട് സ്ലിപ്പ് ആയാൽ കയറി തുടങ്ങിയ അവിടെ ചെന്ന് വീഴും അതും പാറക്കെട്ടുകളിൽ പക്ഷെ അതിലും അപകടം അടിഭാഗം പോലും കാണാൻ സാധിക്കാത്ത പെട്ടന്ന് കണ്ണിനു മുന്നിൽ പെടാത്ത പാറക്കിടയിലെ വിടവുകൾ ആണ്. അതിന്റെ ഒപ്പം ഹെൽമെറ്റ് ഇല്ലാത്തതിനാൽ മുകളിൽ നിന്നും വരുന്ന കല്ലുകളോ മറ്റേതൊരു വസ്തുവും അപകട ഭീഷണി ഉണ്ടാക്കുന്നുണ്ട്. ഈ കൊടും കാട്ടിലെ ഗുഹയിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ ആദ്യ വൈദ്യ സഹായം ലഭിക്കാൻ തന്നെ മണിക്കൂറുകൾ എടുക്കും. മൊബൈൽ നെറ്റ്‌വർക്ക് കാട്ടിനുള്ളിൽ ലഭ്യമല്ല. ഈ കാര്യങ്ങൾ എല്ലാം കണക്കിലെടുക്കുമ്പോൾ നമ്മൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.
ചെറിയ പാറക്കെട്ടുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ, ഞങ്ങൾക്ക് സഹായ കരം നീട്ടി വനത്തിന്റെ ഏതോ കോണിലുള്ള മരത്തിന്റെ വേരുകൾ , അങ്ങ് മുകളിലെ പാറയുടെ വിടവുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിൽ ഗുഹയുടെ കുറച്ചു ഭാഗം കാണാം. ചെറിയ വെളിച്ചത്തിൽ കണ്ടപ്പോൾ തന്നെ മനസിലായി ഇത് വെറും ഒരു സാധാ ഗുഹയല്ല ഒരു വലിയ ആവാസ വ്യവസ്ഥ നിറഞ്ഞ ലോകം ആണ്. ചെറിയ വെള്ളകെട്ടുകളും , കുറ്റിച്ചെടികളും , കൈത്തോടും എല്ലാം നിറഞ്ഞ ഒരു അത്ഭുത ലോകം.
ഏതാണ്ട് 2 മണിക്കൂറിലെ സാഹസിക ശ്രമങ്ങൾക്കിടയിൽ ഏകദേശം മുകളിൽ എത്തി എന്ന ചിന്തയിൽ നോക്കിയപ്പോളാണ് വനത്തിലേക്ക് ഇനിയും ഈ ഗുഹയുടെ കുറച്ചു ഭാഗങ്ങൾ കിടക്കുന്നുണ്ട് എന്ന് മനസിലായത്. അങ്ങോട്ട് പോകുന്നത് വലിയ അപകടം ആണ് എന്ന് തങ്കച്ചൻ ചേട്ടൻ പറഞ്ഞു രാജവെമ്പാലയും , പെരുമ്പാമ്പും പിന്നെ കുറെ കുറെ സഹവാസികളും അവിടങ്ങളിൽ ഒരുപാട് ഉണ്ടത്രേ.
സെൽഫി എടുക്കാനും , വലിയ സാഹസിക സഞ്ചാരി ആണ് എന്ന് ആളുകളെ കാണിക്കാനും ആയി മാത്രം യാത്രകൾ ചെയ്യുന്നവർക്ക് പറ്റിയ സ്ഥലമല്ല കട്ടിലും കസേരയും. സ്വയം അപകടത്തിൽ പെടാതെ മറ്റുള്ളവരെ കൂടെ സഹായിക്കാൻ കഴിയുന്ന കാടിനേയും, കാട്ടുനിയമങ്ങളും അറിയുന്ന സാഹസിക സഞ്ചാരത്തിൽ അൽപ്പമെങ്കിലും പരിചയം ഉള്ളവരും മാത്രം ഇവിടേക്കുള്ള യാത്രക്ക് ശ്രമിക്കുക. Kerala Forest Department ന്റെ അനുവാദം ഇല്ലാതെ ഇങ്ങോട്ടുള്ള യാത്ര ശിക്ഷാർഹം ആണ്. ഹെൽമറ്റ് , ട്രെക്കിങ്ങ് ഷൂ , First Aid Kit ഇവയില്ലാതെ ഇങ്ങോട്ടു വരാതിരിക്കാനും ശ്രദ്ധിക്കുക.
ശരീരത്തിലെ അവിടെയും ഇവിടെയും ഉള്ള ചില പോറലുകളും , പുഴുവിന്റെ ചോരകുടിയും ഒഴിവാക്കിയാൽ കാര്യമായി പരുക്കുകൾ ഒന്നും ഇല്ലാതെ രണ്ടാം ശ്രമത്തിൽ എന്റെ ലിസ്റ്റിൽ ഉള്ള കട്ടിലും കസേരയും എന്ന അത്ഭുത ഗുഹയെ കൺകുളിരെ കണ്ടു. തിരികെ തങ്കച്ചൻ ചേട്ടന്റെ വീട്ടിൽ എത്തി ചേച്ചി ഉണ്ടാക്കി തന്ന കട്ടൻ ചായയും കുടിച്ചു തങ്കച്ചൻ ചേട്ടനോട് അല്ല ഹിറ്റ്ലർ തങ്കച്ചനോട് നന്ദിയും പറഞ്ഞു പറഞ്ഞു വെണ്മണി എന്ന പല അത്ഭുതങ്ങളും കാട്ടിൽ ഒളിപ്പിച്ചു നിർത്തുന്ന ഗ്രാമത്തോട് അങ്ങനെ ഞങ്ങൾ വിട പറഞ്ഞു.
എങ്ങനെ കട്ടിലും കസേരയും ട്രെക്കിങ്ങ് അപകടരഹിതമായ പൂർത്തിയാക്കാമെന്നുള്ളത് മികച്ച ട്രെക്കിങ്ങ് ടിപ്സ് ഉൾപ്പെട്ട ഈ ബ്ലോഗിലൂടെ മനസിലാക്കാം.
For Guide Assistance : Thankachan Chettan
Mob : 7561-037135
Essentials for hiking:-
* First aid kit
* Flash light
* Food and water
* Insect repellent
* Rain coat (Based on the climatic condition)
and Trekking shoe
Nearest Tourist Attractions.
Hi, my website uses cookies to boost your experience.
Why?